Sunday, February 1, 2009

പഥേര്‍ പാഞ്ചാലി‘ ലേഖനമത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയലേഖനം


പഥേര്‍ പാഞ്ചാലി-ഒരുചലച്ചിത്രാനുഭവം
ദ്വിജാബായി.എ.കെ.

ഇന്ത്യന്‍ സിനിമാചരിത്രത്തിലെത്തന്നെ വഴിത്തിരിവായി മാറിയ ‘പഥേര്‍ പാഞ്ചാലി‘ അര നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു.ഇന്ത്യന്‍ സിനിമയ്ക് നവീനമായ മറ്റൊരു മുഖം നല്‍കുന്നതില്‍ നിര്‍ണ്ണാ യകപങ്കു വഹിച്ച ഈചിത്രം,‘ഇന്ത്യന്‍ യാഥാര്‍ത്ഥ്യം’എന്ന കാഴ്ചപ്പാടിനെ പ്രതീകവല്‍ക്കരിക്കാന്‍ പാകമായ പുതിയൊരു ചട്ടക്കൂട് നമ്മുടെ ചലച്ചിത്ര സംസ്കാരത്തിന് നല്‍കി.അതുതന്നെയാണ് അമ്പത്തിനാലു വര്‍ഷങ്ങള്‍ക്കിപ്പുറവും ഈ ദൃശ്യ വിരുന്നിന്റെ തനിമ നിലനിര്‍ത്തുന്ന ഘടകവും.
സത്യജിത്ത് റായ് എന്ന ഇന്ത്യന്‍ സിനിമയുടെ ഇതിഹാസപുരുഷന്റെ പ്രഥമ സംവിധാന സംരംഭം ഇന്ത്യന്‍ സിനിമയുടെ യശസ്തംഭമായി മാറിയതെങ്ങനെ എന്ന ചോദ്യത്തിനുത്തരം,വിഖ്യാതനായ അകിര കുറൊസോവയുടെ വിലയിരുത്തല്‍ തന്നെയാണ്:”റായുടെ ചിത്രങ്ങള്‍ കണ്ടിട്ടില്ല എന്നു പറയുന്നതിനര്‍ത്ഥം നിങ്ങള്‍ സൂര്യ ചന്ദ്രന്മാരെ കണ്ടിട്ടില്ല എന്നു പറയുന്നതിന് സമാനമാണ്.”എന്നാണദ്ദേഹം പറഞ്ഞത്.ഇന്ത്യന്‍ ചലചിത്രരംഗത്തിന് നിയോറിയലിസത്തിന്റെ ഉപ വസന്തം കൊണ്ടുവന്നതിനൊപ്പം മാറ്റത്തിന്റെ കാഹളം മുഴക്കുക കൂടിയായിരുന്നു അക്ഷരാര്‍ഥത്തില്‍ ‘പഥേര്‍പാഞ്ചാലി‘.ഇതുപോലെ ചര്‍ച്ചചെയ്യപ്പെടുകയും എഴുത പ്പെടുകയുംചെയ്ത ഒരിന്ത്യന്‍ സിനിമ ഇല്ലെന്നു തന്നെ പറയാം.അരനൂറ്റാണ്ടിനു ശേഷവും ഇത്തരമൊരു ഉല്‍കൃഷ്ട കൃതിയെ നമ്മള്‍ എങ്ങനെ അനുഭവിക്കുന്നു എന്ന അന്വേഷണമാണ് പഥേര്‍ പാഞ്ചാലി വീണ്ടും കാണുമ്പോള്‍ അല്ലെങ്കില്‍ പുനര്‍ നിരീക്ഷണങ്ങള്‍ക്ക് വിധേയമായി സമീപിക്കുമ്പോള്‍ ഉണ്ടാവുന്നത്.
കച്ചവടധാരാ ചിത്രങ്ങള്‍ക്ക് സമാന്തരമായി നിലനിന്നു കൊണ്ടുതന്നെ അന്താരാഷ്ട്ര തലത്തില്‍ ‘ഇന്ത്യന്‍ സിനിമ‘യായുംപ്രാദേശികമായഖണ്ഡനമണ്ഡാനങ്ങള്‍ക്കു വിധേയമായി ദേശീയ തലത്തില്‍ ആധുനികതയുടേ വക്താവായും ‘പഥേര്‍ പാഞ്ചാലി‘ വാഴ്ത്തപ്പെട്ടിട്ടുണ്ട്.ഇന്ത്യയുടെ ചലച്ചിത്ര സംസ്കാരത്തിലും ലാവണ്യ ബോധമുള്‍പ്പെടെയുള്ള വീക്ഷണപന്ഥാവുകളിലും വ്യക്തമായ സ്വാധീനം ചെലുത്തിയപ്പോള്‍ തന്നെ ഇന്ത്യയില്‍ വേരുറപ്പിച്ചുവന്ന കച്ചവട സിനിമാസംസ്കാരത്തിന് ഒരു ബദലായി സ്വയമവതരിപ്പിക്കാന്‍, അപു എന്ന ബാലനെക്കുറിചും അവന്റെ ചുറ്റുപാടുകളെക്കുറിച്ചുമുള്ള കഥ പറഞ്ഞു കൊണ്ട് ഈ “പാതയുടെ സംഗീത“ ത്തിന് സാധിക്കുന്നു.ബിഭൂതിഭൂഷണ്‍ ബന്ദോപാദ്ധ്യായയുടെഒരു പ്രശസ്തമായ നോവലാണ് ‘പഥേര്‍ പാഞ്ചാലി‘എന്ന സിനിമയായത്.വേണ്ടത്ര ലോകപരിചയം സിദ്ധിച്ചിട്ടില്ലാത്ത പ്രേക്ഷകര്‍ക്കുപോലും തുറന്ന ലോകത്തെയും ദാര്‍ശനികതയുടെ നീളുന്ന പാതകളെയും ഈ ചിത്രം പരിചയപ്പെടുത്തുന്നു.റായ്, ഈ ചിത്രത്തെ സംഗ്രഹിച്ച് അവതരിപ്പിച്ചത് ഇങ്ങനെയാണ്: “തീവണ്ടിയുടെ ആദ്യ ദര്‍ശനം,വൃദ്ധയായ അമ്മായിയുടെ മരണം,മോഷ്ടിക്കപ്പെടുന്ന ഒരു മാല,മഴ,പേമാരി,ദുര്‍ഗ്ഗയുടെ മരണം”.അത്രയൊന്നും പരോക്ഷമാകാതെത്തന്നെ ആധുനികതയുടെ ഭാഷ്യം പ്രകടിപ്പിക്കുന്ന സം വാദങ്ങളിലേക്കും ഈസംക്ഷിപ്തത നമ്മെ നയിക്കുന്നു എന്ന കാര്യവും വിട്ടുകളയാനാവാത്തതാണ്.
ചെറുപാതകളുടേയും വലിയ മാനങ്ങളുടെയും ചലച്ചിത്രമാണ് പഥേര്‍ പാഞ്ചാലി.ഒരു വീട്ടിലും ചുറ്റുപാടു കളിലുമായി ക്രമമായി വളരുന്ന ഒരിതിവൃത്തമാണീ ചിത്രത്തിനുള്ളത്.സാധാരണക്കാരായ ഗ്രാമീണരുടെ നിത്യ ജീവിത യാഥാര്‍ഥ്യത്തിന്റെ ഭൂപടങ്ങള്‍ ഈചിത്രം വരച്ചിടുന്നു.ലോകക്ലാസ്സിക്കായി മാറിയ ഈ സിനിമയെ അവിസ്മരണീയമാക്കുന്നതില്‍ ശബ്ദ പഥത്തിന് വലിയ പ്രാധാന്യമാണുള്ളത്. മരണത്തെക്കു റിച്ചെന്നപോലെ ജീവിതത്തിന്റെയും അതിജീവനത്തിന്റെയും അവസ്ഥകള്‍ സൂക്ഷ്മമായും ഹൃദയസ്പൃക്കായും രേഖപ്പെടു ത്തിയ ഒരു പുസ്തകത്തിലൂടെ കടന്നു പോകുന്ന അനുഭവമാണ് എനിക്കീസിനിമ നല്‍കിയത്.
വ്യത്യസ്തമായ രണ്ടു ലോകങ്ങളും അവയുടെ പരിസരങ്ങളും തമ്മില്‍ ഇട കലര്‍ത്തിയാണ് ഇവിടെ
അവതരിപ്പിച്ചിരിക്കുന്നത്:കുട്ടികളുടേയും മുതിര്‍ന്നവരുടേതുമായ ലോക ങ്ങള്‍. ഈ രണ്ടു ലോകങ്ങളുമടങ്ങിയ വലിയ ലോകത്തിന്റെ ചെറിയ പകര്‍പ്പാണ് റായ് അവതരിപ്പിക്കുന്നത്.മനുഷ്യ ജീവിതത്തിലെ ആദ്യാനുഭവ ങ്ങളുടെ ,ബാല്യ കാലത്തിന്റെ, മിഴിവാര്‍ന്ന ആവിഷ്കരണങ്ങള്‍ നമുക്ക് കാണാം.ജീവിതം മുന്നോട്ടു നയി ക്കാന്‍ വേണ്ടി വരുന്ന ജീവിതസമരങ്ങളും അവതരണത്തില്‍ ഉള്‍പ്പെടുന്നു. മനുഷ്യാവസ്ഥയെക്കുറിച്ചുള്ള ക്രൂരമായ ചില സത്യങ്ങളും സാന്ത്വനമാകുന്ന പ്രതീക്ഷകളും മനസ്സില്‍ തട്ടി കടന്നു പോകുന്നു. ചിത്രം അവതരിപ്പിക്കുന്നത് ദുര്‍ഗ്ഗ യുടെ വളര്‍ച്ചയും മരണവുമാണ്.അതേ സമയംഅത് അപുവിന്റെ ജനനവും വളര്‍ച്ചയുമാണ്.പുസ്തകത്തി ന്റെയൊ ബുദ്ധിയുടേയൊ ഇടപെടലില്ലാതെ ലോകത്ത്, പ്രകൃതിയെ നേരിട്ടറിയുന്ന മനുഷ്യരുടെ ചിത്രങ്ങള്‍ നാമിവിടെ കണ്ടെടുക്കുന്നു.കുട്ടികളുടെ ഈ ലോകത്തില്‍ പ്രകൃതി യുമായുള്ള സംസര്‍ഗ്ഗത്തില്‍ നിന്നുണ്ടാകുന്ന സംഗീതവുമുണ്ട്.പ്രകൃതിയും മനുഷ്യരും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സംഗീതത്തിന്റെ കാവ്യാത്മകമായ ദൃശ്യാവി ഷ്ക്കാരമാണിത്.തങ്ങള്‍ക്കു ചുറ്റുമുള്ള ലോകത്തിന്റെ ഗതിവി ഗതികളില്‍ ഇടപെടുന്നതിനും അതിനെ നിയന്ത്രി ക്കുന്നതിനും സാധിക്കുന്ന അവസ്ഥയിലല്ല ഈ കുട്ടികള്‍. നിര്‍മ്മാണത്തിലിരിക്കുന്ന പൌരന്മാര്‍/കഥാപത്രങ്ങള്‍ മാത്രമാണ് ഈ കുട്ടികള്‍.അപു പ്രധാനമായും തനിക്കു ചുറ്റുമുള്ള ലോകത്തിന്റെ ഒരു സാക്ഷി മാത്രമാണ്.അപു ഒരേ സമയം കാണിയും കഥാപാത്രവുമാണ്.
അപുവിന്റെ വീടിനടുത്തുള്ള പായല്‍ പിടിച്ച കുളമായിരിക്കും ഒരു പക്ഷെ,‘പഥേര്‍പാഞ്ചാലി’യുടെ ആഖ്യാ നലോകത്തെ എറ്റവും നന്നായി പ്രതിനിധീകരിക്കുക.മാറിവരുന്ന കാലാവസ്ഥകള്‍ക്കനുസരിച്ച് വര്‍ഷാ വര്‍ഷം നിറയുകയും താഴുകയും ചെയ്യുന്ന ഈ ജലാശയം അതിന്റെ നിശ്ചലതകൊണ്ടും ഭൌതികാവസ്ഥകള്‍ കൊ ണ്ടും ആഖ്യാനലോകത്തെ ആവാഹിക്കുന്നു.ചലനം സൃഷ്ടിക്കുന്ന ഏതൊരു മുറിവിനേയും ക്രമേണ പായല്‍ വന്നു മൂടുമെന്ന പ്രകൃതി നിയമത്തിലും ഒരു ജീവിത ദര്‍ശനം കാണാം.പുറം ലോകത്തിന്റേതായ ഇടപെട ലുകള്‍ മിഠായിക്കാരന്റെ മോഹിപ്പിക്കുന്ന മധുരമായും ബയോസ്കോപ്പിന്റെ മാന്ത്രികതയായും ടെലഗ്രാഫ് പോസ്റ്റിന്റെ മൂളക്കമായും തീവണ്ടിയുടെ അജ്ഞാത ലക് ഷ്യങ്ങളായും കടന്നുവരുന്നു.തീവണ്ടി ആധുനിക തയുടേയും നാഗരികതയുടേയും ബിംബമായി വര്‍ത്തിക്കുന്നു.ഏതൊക്കേയോ ലക്ഷ്യങ്ങളിലേക്കു പായുന്ന എവിടെ നിന്നൊക്കെയോ വന്നു ചേരുന്ന യാത്രകളുടെ അനന്ത സാധ്യതകളുടെ ഒരു സന്ധി കൂടി യാണത്.
വാക്കുകള്‍ക്കതീതമായി ദൃശ്യങ്ങള്‍ക്ക് സംവദിക്കുവാന്‍ കഴിയുമ്പോളാണ് ചലച്ചിത്രത്തിന് കാവ്യ സുഭഗത കൈവരിക്കാനാവുന്നത്.മണിനാദം കേള്‍പ്പിച്ച് നീങ്ങുന്ന മധുരപലഹാരവില്‍പ്പനക്കാരനെ ആശയോടെ പിന്തുട രുന്ന അപുവിനേയും ദുര്‍ഗ്ഗയേയും കാണിക്കുന്ന സുദീര്‍ഘമായ രംഗത്തിന്റെ പ്രസക്തി പിന്നീട് രോഗഗ്രസ്ത യായി കിടക്കുന്ന ദുര്‍ഗ്ഗ മധുരപലഹാര വില്പനക്കരന്റെ മണിനാദം കേള്‍ക്കുമ്പോഴും,ഭാവഭേദമില്ലാതെ ചലന മറ്റു കിടക്കുന്ന ഷോട്ടിലാണറിയുക.ദുര്‍ഗ്ഗയുടെ നിസ്സഹായാവസ്ഥ ഇതില്‍ക്കൂടുതല്‍ ചിത്രീകരിക്കാനാവില്ലല്ലോ?
ദാരിദ്ര്യം എന്ന യാഥാര്‍ത്ഥ്യത്തെ ഒട്ടും കാല്പനികവല്‍ക്കരിക്കാതെയാണ് റായ് അവതരിപ്പിക്കുന്നത്. ദാരിദ്ര്യം ആരെയും വിശുദ്ധരാക്കി മാറ്റുന്നില്ല.അത് പലപ്പോഴും മനുഷ്യരെ അപമാനവീകരിക്കുന്നു. ദാരിദ്ര്യം,വാര്‍ദ്ധക്യം തുടങ്ങിയ ദുരിത യാഥാര്‍ത്ഥ്യങ്ങളെ തന്മയത്വത്തോടെയാണ് അവതരിപ്പിച്ചിരിക്കു ന്നത്.വാര്‍ദ്ധക്യത്തിന്റെ നിരാലംബത മാത്രമല്ല സൌമ്യ ദീപ്തിയും നമുക്കിവിടേ കാണാം.’പിഷി’എന്ന വൃദ്ധയുടെ മരണം-വളരെ ഭൌതികമായ ഒരു ശബ്ദത്തിലൂടെയാണ് അപു മരണത്തെ ആദ്യമായി കണ്ടുമുട്ടുന്ന രംഗം നമ്മില്‍ അടയാളപ്പെടുന്നത്-അവരുടെ മൃതദേഹം ഒരു മരം നിലത്തേക്ക് പതിക്കുന്നതു പോലെ പ്രകൃതിയോട് സമരസപ്പെടുന്നു.
ഇന്ത്യന്‍ യാഥാര്‍ത്ഥ്യത്തിന്റെ ഉജ്വലമായ വശങ്ങളാണ് പഥേര്‍പാഞ്ചാലിയില്‍ ഉള്ളത്.സര്‍വജയ എന്ന അമ്മ,ഹരിഹര്‍ എന്ന കുടുംബനാഥന്‍,അവരുടെ കുടും ബം ഇവയെല്ലം അന്നത്തെ സാമൂഹ്യ വ്യവസ്ഥയുടെ ഏറ്റവും പ്രസക്തമായ ബിംബങ്ങളായിരുന്നു.
പഥേര്‍പാഞ്ചാലിയില്‍ സ്ത്രീകളുടെ ജീവിതം വളരെ സൂക്ഷ്മമായി അവതരി പ്പിക്കുന്നുണ്ട്.സ്ത്രീകള്‍ നേരിടുന്ന ജീവിത പ്രശ്നങ്ങല്‍ റായ് ചൂണ്ടിക്കാണി ക്കുന്നുണ്ട്.ദാരിദ്ര്യത്തിന്റെ തിക്ത ഫലങ്ങള്‍ കൂടുതല്‍ അനുഭവിക്കുന്നത് സ്ത്രീ കളാണ്.അപുവിന് സ്കൂളില്‍ പോകാന്‍ സാധിക്കുമ്പോള്‍ ദുര്‍ഗ്ഗ വീട്ടിലെ ചുറ്റുപാടില്‍ പരിമിതപ്പെട്ടവളാകുന്നു.ഹരിഹര്‍ ഹുക്ക വലിക്കുകയും മറ്റു വിനോദത്തിലേര്‍പ്പെടുകയും ചെയ്യുമ്പോള്‍ സര്‍വജയ ദാരിദ്ര്യത്തിന്റെ പിടിയില്‍ നിന്നും ഒരിക്കലും മുക്തി നേടുന്നില്ല.ദുര്‍ഗ്ഗയുടെ രോഗവും മരണവുമെല്ലാം സ്ത്രീകളുടെ അരക്ഷിതാവസ്ഥയുടേയും ദുരന്തത്തിന്റേയും ആവിഷ്ക്കാരമെന്നനിലക്ക് ശ്രദ്ധേയമാകുന്നു.
മനുഷ്യര്‍ ഒറ്റക്ക് ജീവിക്കുന്ന ലോകമല്ല സത്യജിത്ത് റായ് കാണിച്ചുതരുന്നത്.സാമൂഹ്യ ജീവിതത്തിന്റെ
ഭിന്നതലങ്ങളും സംവിധായകന്‍ ചിത്രീകരിക്കുന്നു.കൂടാതെ പ്രകൃതിയുടെ സമഗ്രസൌന്ദര്യം കടന്നു വരികയും ചെയ്യുന്നു.ദാരിദ്ര്യവും മരണവുമെല്ലം ഉണ്ടായിട്ടും ജീവിതം മുന്നോടു പോവുകയാണ്.മുന്നോടു നീങ്ങുന്ന പാത ജീവിതത്തിന്റെ പാതയാണ്. യാതനകളും അപ മാനങ്ങളും നഷ്ടങ്ങളും മാത്രം സമ്മാനിച്ചിരുന്ന ‘പഴയ ലോകം’ ഉപേക്ഷിച്ച് പുതു ലോക ത്തിലേക്ക് യാത്രയാവുന്ന അപുവിന്റെ പ്രതീക്ഷയും പ്രസരിപ്പുമുള്ള മുഖത്തിന്റെ സമീപ ദൃശ്യ ത്തോടെയാണ് പഥേര്‍ പാഞ്ചാലി അവസാനിക്കുന്നത്.
ആന്ദ്രെ തര്‍ക്കോവ്സ്കിയുടെ വാക്കുകള്‍ കടമെടുത്തു പറഞ്ഞാല്‍’കാലത്തില്‍ കൊത്തുവേ ല നടത്തിയ ശില്പിയായിരുന്നു’റേ. ചിത്ര കലയിലേയും സാഹിത്യത്തിലേയും സംഗീതത്തി ലേയും മഹോന്നതരേയും അവരുടെ സൃഷ്ടി വൈഭവങ്ങളേയും പോലെ കാലാതീതമായ ഇത്തരമൊരു സൃഷ്ടി കൊണ്ട് സത്യജിത്ത് റേ മരണത്തെ കീഴടക്കിയിരിക്കുന്നു.

‘പഥേര്‍ പാഞ്ചാലി’ലേഖന മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ ലേഖനം



പാതയുടെപാട്ട്:ഒരു ദൃശ്യവിസ്മയം
ഹരിത.ആര്‍

"അവിടവിടെ ചിതറിക്കിടക്കുന്ന മുളങ്കാടുകള്‍. കാട്ടു വള്ളികളും ഇത്തിള്‍ക്കണ്ണിയും പടര്‍ന്നു പന്തലിച്ച പടു കൂറ്റന്‍ മരങ്ങള്‍. നിറഞ്ഞ കുളം. തോരാത്ത മഴ. പേര യ്ക്ക, ലന്തക്ക.. നനവ്. കനവ്.. ഇവയെല്ലാം ചേര്‍ന്നൊരു ക്കുന്ന ഒരു സംഗീതമുണ്ട്. ഒരുപക്ഷെ ഒരു പഴയ ഗ്രാമ ത്തിനു പരിചിതമായ ഗീതം. ടാറിട്ട റോഡുകള്‍ക്കോ ഹൈവേകള്‍ക്കോ സൃഷ്ടിയ്ക്കാവു ന്നതല്ല ആഗീതം. തീര്‍ത്തും ഒരു പാതയുടെ ഗീതം.അതാണ്പഥേര്‍പാ ഞ്ചാലി .
ബിഭൂതിഭൂഷണ്‍ ബന്ദ്യോപാദ്ധ്യായയുടെ പഥേര്‍ പാഞ്ചാലി എന്ന നോവലാണ് 1955ല്‍ പുറത്തിറങ്ങിയ ഈ റായ് ചിത്രത്തിന് പ്രചോദനമായത്. ഇന്ത്യന്‍ സിനിമ ലോകോത്തരതലത്തില്‍ ശ്രദ്ധിക്കപ്പെട്ടത് സത്യജിത് റായി ലൂടെയാണ്. ബംഗാളിഭാഷയാണ് സിനിമയ്ക്കാധാരമാക്കപ്പെട്ടിട്ടുള്ളതെങ്കിലും ഭാഷ കാഴ്ചയ്ക്കും ആസ്വാദന ത്തിനും തടസ്സമാകുന്നില്ല.
സിനിമയ്ക്ക് ഒരു നിര്‍വ്വചനം അസാദ്ധ്യമാണെങ്കില്‍ക്കൂടി, ആഹ്ലാദവും വേദനയും പ്രണയവും വയലന്‍സും ചേര്‍ന്നൊരു കച്ചവടക്കണ്ണുമാത്രമല്ല അതിനുള്ളത് എന്ന യാഥാര്‍ത്ഥ്യം പഥേര്‍ പാഞ്ചാലി തെളിയിച്ചു. അമിത മായ ആഹ്ലാദമോ അസഹനീയമായ വേദനയോ ഈ ചിത്രത്തിലില്ല. മിതമായ സന്തോഷം, കൌതുകം, കുസൃതി, അത്ഭുതം, വാത്സല്യം, നോവ്, നുണ തുടങ്ങിയ വ്യത്യസ്തവും വൈവിദ്ധ്യവുമായ ഭാവങ്ങളാണ് പഥേര്‍പാ ഞ്ചാലി അവകാശപ്പെടുന്നത്.
പ്രകൃതിയും മനുഷ്യനും - അഥവാ, പ്രകൃതിയും കുട്ടികളും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്റെ ആവി ഷ്കാരമാണ് ഈ സിനിമ. പ്രമേയമോ പ്രസക്തിയോ അല്ല ഇവിടെ മുഖ്യം. ആവിഷ്കാരത്തിനനുയോജ്യമായ അന്തരീക്ഷവും സ്വാഭാവികതയുമാണ്. ഭാഗ്യവശാല്‍ ഏറ്റവും അനുയോജ്യമായ ഒരു ചുറ്റുപാടുതന്നെ റായിക്ക് കിട്ടിയിട്ടുണ്ട്. തനിയ്ക്കു ലഭ്യമായ അന്തരീക്ഷത്തെ മികവുറ്റ രീതിയില്‍ അവതരിപ്പിക്കാനും അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്. ഒരുപക്ഷെ പശ്ചാത്തലം എന്ന ഘടകം മറ്റൊരു സിനിമയിലും ഇത്രയധികം ശ്രദ്ധിക്കപ്പെട്ടി രിക്കില്ല. വളരെ ചെറിയ രംഗങ്ങള്‍ പോലും ഉള്‍ക്കൊണ്ടാണ് സംവിധായകന്‍ മുന്നോട്ടു നീങ്ങിയിട്ടുള്ളത്. പിഷി എന്ന മുത്തശ്ശി നട്ടുവളര്‍ത്തുന്ന ഒരു ചെടിയുണ്ട്. ആ മുത്തശ്ശിയുടെ introduction സീനില്‍ ഈ ചെടി വളരെ ചെറുതാണ്. ശേഷം സിനിമ പുരോഗമിക്കെ, ദുര്‍ഗ്ഗയും അപ്പുവും വളരുന്നതോടൊപ്പം ആ ചെടിയ്ക്കും മാറ്റങ്ങള്‍ വരുന്നുണ്ട്. മറ്റൊരു സീനില്‍ മുത്തശ്ശി വെള്ളമൊഴിക്കുമ്പോള്‍ ചെടി അല്പംകൂടി വലുതായിരി ക്കുന്നതായി കാണാം. കഥാപാത്രങ്ങളെക്കുറിച്ചു മാത്രമല്ല, അവരുടെ ശാരീരികവും മാനസികവുമായ മാറ്റങ്ങള്‍ പശ്ചാത്തലത്തില്‍ വരുത്തുന്ന വ്യതിയാനങ്ങളെപ്പറ്റിയും റായ് ബോധവാനായിരുന്നു. അതുപോലെ ഹരിഹര്‍ വീട്ടില്‍ വളര്‍ത്തുന്ന നായ, പശു തുടങ്ങിയ ജീവജാലങ്ങളെല്ലാം മെലി ഞ്ഞു തളര്‍ന്ന ചാവാലികളാണ്. ഒരു ദരിദ്രകുടുംബത്തിന്റെ ആവിഷ്കാരത്തി നിടയ്ക്ക് അവിടെ വളരുന്ന പശുവും പട്ടിയുമെല്ലാം എങ്ങനെയായി രിക്കണം എന്നതിനെക്കുറിച്ചും സംവിധായകന്‍ ബോധവാനാണ്.
ദുര്‍ഗ്ഗ, അപു, സര്‍വ്വജയ എന്നിവരടങ്ങുന്ന ഹരിഹറിന്റെ കുടുംബത്തിലേയ്ക്കാണ് സിനിമ കേന്ദീകരിക്കപ്പെ ടുന്നത്. പിഷി എന്ന മുത്തശ്ശിയും സിനിമയുടെ ആദ്യഭാഗത്തിനു മിഴിവേകുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു.
പ്രകൃതിയുടെ താളങ്ങളെ, തുടിപ്പുകളെ, ശരീരവും മനസ്സും കൊടുത്ത് അനുഭവിക്കാന്‍ കുട്ടികള്‍ക്കേ കഴിയൂ. ദുര്‍ഗ്ഗയും അപുവും പ്രകൃതിയെ അറിഞ്ഞവരാണ്. പഞ്ചേന്ദ്രിയങ്ങളിലൂടെ അവര്‍ ചുറ്റുപാടുകളെ മനസ്സി ലാക്കുന്നു. പുളിയും ഉപ്പും ചേര്‍ത്ത് ദുര്‍ഗ്ഗയുണ്ടാക്കുന്ന രുചി, മഴ നനഞ്ഞ് നൃത്തംചെയ്യുന്ന ദുര്‍ഗ്ഗ, ടെലിഫോണ്‍ കാലിലെ മുരളല്‍, അത്ഭുതവും കൌതുകവും നിറഞ്ഞ തീവണ്ടിക്കാഴ്ച... എത്രയെത്ര അനുഭവങ്ങള്‍! കണ്ടും കേട്ടും രുചിച്ചും അവര്‍ അന്തരീക്ഷവുമായി ലയിച്ചുകഴിഞ്ഞിരിക്കുന്നു. ഐ.ഷണ്‍മുഖദാസിന്റെ പഠനത്തില്‍ ഇങ്ങനെ പറയുന്നു:"ദുര്‍ഗ്ഗ രുചിച്ചും കേട്ടും തൊട്ടും അറിയുന്നു. അപുവിന്റെ ലോകത്തിലാകട്ടെ കാഴ്ച യ്ക്കാണ് പ്രാമുഖ്യം കൊടുക്കുന്നത്." ഇതേ അഭിപ്രായപ്രകടനംതന്നെ ലെര്‍നര്‍ എന്ന അമേരിക്കന്‍ നിരൂപകനും നടത്തി. "തൊട്ടിയില്‍ കിടക്കുന്ന അപുവിന്റെ കണ്ണുകള്‍ ദുര്‍ഗ്ഗ തുറക്കുന്ന ഒരു ദൃശ്യം സിനിമയിലുണ്ട്. അപുവിന്റെ കന്നി അനുഭവങ്ങളുടെ ഒരു പരമ്പരയാണ് അവതരിപ്പിക്കപ്പെടുന്നത് എന്നതിന്റെ സൂചനയാണ് ഇത്."
രണ്ടഭിപ്രായങ്ങളും മാനിക്കാവുന്നതാണ്. എന്നാല്‍ അപുവിന്റെ കന്നി അനുഭവങ്ങളുടെ പരമ്പര ആരംഭി ക്കുന്നത് ദുര്‍ഗ്ഗയിലൂടെയാണ്. യഥാര്‍ത്ഥത്തില്‍ റായ് അവതരിപ്പിക്കുന്ന അപു ദുര്‍ഗ്ഗയിലൂടെയാണ് അനുഭവി ക്കുന്നതും വളരുന്നതും ജീവിക്കുന്നതുമെല്ലാം. അപുവിന്റെ കണ്ണു തുറക്കുന്നത് പ്രതീകാത്മകമാവാം. പിന്നീടുള്ള എല്ലാ ദൃശ്യങ്ങളിലും ദുര്‍ഗ്ഗ അപുവിനോടൊപ്പമുണ്ട്. പുളിയും ഉപ്പും ചേര്‍ത്തുണ്ടാക്കിയ രുചിക്കൂട്ട് ദുര്‍ഗ്ഗ അപുവിന് കൈമാറുന്നു, ടെലിഫോണ്‍കാലില്‍നിന്നുള്ള മുരളലിന് ദുര്‍ഗ്ഗ കാതോര്‍ക്കുന്നതുകാണുമ്പോള്‍ അപു വും അതനുകരിക്കുന്നു. മഴ നനയുമ്പോള്‍ ദുര്‍ഗ്ഗ അപുവിനേയും തന്റെ നനഞ്ഞ സാരിക്കടിയിലേക്ക് ചേര്‍ത്തു പിടിക്കുന്നു. അങ്ങനെ താനനുഭവിക്കുന്ന ഓരോ അനുഭൂതിയും അവള്‍ അപുവിന് പകരുന്നുണ്ട്. അതുകൊണ്ട് അപുവിന്റെ കന്നി അനുഭവങ്ങളുടെ പരമ്പരയാണ് അവതരിപ്പിക്കുന്നത് എന്നതിലുപരി ദുര്‍ഗ്ഗയിലൂടെയാണ് അപുവിന്റെ അനുഭവങ്ങള്‍ വളരുന്നത് എന്ന സൂചനയായി ആ ദൃശ്യത്തെ വിലയിരുത്തിക്കൂടെ?
പഥേര്‍പാഞ്ചാലിയിലെ സംഗീതം ശ്രദ്ധേയമാണ്. പണ്ഡിറ്റ് രവിശങ്കര്‍ തീര്‍ത്ത സുന്ദരമായ ആ ഗീതം പാത യുടെ ഗീതംതന്നെയാണെന്ന് തോന്നിപ്പോകും. മുമ്പ് പറഞ്ഞതുപോലെ ഇന്ദ്രിയാനുഭവങ്ങള്‍ പഥേര്‍ പാഞ്ചാലി യുടെ ഒരു മുഖ്യസവിശേഷതയാണ്. ഒരു സിനിമക്ക് അതിന്റെ കാഴ്ചക്കാരനില്‍ ഉളവാക്കാവുന്ന അനുഭവം കാഴ്ച, കേള്‍വി ഏറിപ്പോയാല്‍ മനസ്സില്‍ ഒരു സ്പര്‍ശം അത്രമാത്രം. മണവും രുചിയും അതിനു പകരാനാ വില്ല. അതുകൊണ്ട് തനിക്കു സാദ്ധ്യമെന്നുകണ്ട കാഴ്ചയും കേള്‍വിയും പരമാവധി സുന്ദരമാക്കാന്‍ റായ് ശ്രമിച്ചിട്ടുണ്ട്. അതിന്റെ വ്യക്തമായ ഉദാഹരണമാണ് രവിശങ്കറിന്റെ സംഗീതം.
പശ്ചാത്തലസംഗീതം പലപ്പോഴും പ്രകടമാണെങ്കില്‍ക്കൂടി ചില സാഹചര്യ ങ്ങളില്‍ പിഷിയുടെ പാട്ടും സര്‍വ്വജയയുടെ ശകാരങ്ങളും മഴയുടെ മുരളലും പശ്ചാത്തലത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. പിഷിയുടെ മരണ രംഗത്ത് രവിശങ്ക റിന്റെ സംഗീതത്തേക്കാള്‍ പിഷിയുടെ ദുഃഖഗാനത്തിന് അനുവാചകഹൃദയത്തെ തൊടാനാ വുമെന്ന് റായ് കണ്ടെത്തിയിരിക്കുന്നു.
ഒരു സാഹിത്യകൃതി സിനിമയാവുന്നത് ഇന്നു നമുക്കു പരിചിതമാണ്. മതി ലുകള്‍, എന്ന് സ്വന്തം ജാനകി ക്കുട്ടി, തുടങ്ങി എത്രയോ സിനിമകള്‍ മലയാളത്തില്‍ത്തന്നെ വന്നിരിക്കുന്നു. എ ന്നാല്‍ പഥേര്‍ പാഞ്ചാലി പുറ ത്തിറങ്ങുമ്പോള്‍ അത്തരമൊരുരീതി സാര്‍വ്വത്രികമല്ലായിരുന്നു. ഒരു കൃതിയെ സിനിമയാക്കുമ്പോള്‍ സംവിധാ യകന് തന്റേതായ ചെറിയ മാറ്റംവരുത്തലുകള്‍ക്കുള്ള സ്വാതന്ത്ര്യമുണ്ട്. ആ സ്വാതന്ത്ര്യത്തെ പ്രയോജനപ്പെടു ത്തിയവര്‍ വളരെ ചുരുക്കമാണ്. മലയാളസിനിമകള്‍തന്നെ പരിശോധി ച്ചാല്‍മതി. രചയിതാവ് കണ്ടതിലും അപ്പുറത്തുള്ള ഒരു ലോകത്തെ വിഭാവനം ചെയ്ത് ദൃശ്യവല്‍ക്കരി ച്ചെടുക്കാന്‍ അധികമാരും മെനക്കെട്ടിട്ടില്ല. എന്നാല്‍ റായ് ആ സ്വാതന്ത്ര്യത്തെ പരമാവധി മുതലെടുത്തിട്ടുണ്ട്. വിഭൂതിഭൂഷണ്‍ കണ്ട നിശ്ചിന്ദപുരം ഗ്രാമമോ അപുവോ ദുര്‍ഗ്ഗയോ അല്ല നാം സിനിമയില്‍ കാണുന്നത്. താന്‍ ദൃശ്യവത്കരിക്കാനുദ്ദേശിക്കുന്ന ഓരോ രംഗങ്ങളെക്കുറിച്ചും അവയുടെ പശ്ചാത്തലത്തെക്കുറിച്ചും അതു കാണികളില്‍ സൃഷ്ടിക്കുന്ന മാനസികാന്തരീക്ഷത്തെക്കുറിച്ചും റായ് ബോധവാനാണ്.
പഥേര്‍പാഞ്ചാലി എന്ന നോവലില്‍ അപുവിനാണ് മുന്‍തൂക്കം. അപുവിന്റെ ലോകം വിശാലമാണ്. അച്ഛ നോടൊത്തു നടത്തുന്ന യാത്രകള്‍, നാടകം കാണുന്നതുവഴി പരിചയപ്പെടുന്ന അജയന്‍ എന്ന കൂട്ടുകാരന്‍, വിദ്യാ ഭ്യാസം.. അങ്ങനെ അപുവിന് കഥയില്‍ പ്രാധാന്യമേറെയാണ്. ദുര്‍ഗ്ഗയുടെ ലോകം ചെറുതാണ്. യഥാര്‍ത്ഥ ത്തില്‍ ദുര്‍ഗ്ഗയുടെ മരണശേഷം കഥ പൂര്‍ണ്ണമായും അപുവില്‍ കേന്ദ്രീകരിക്കപ്പെടുന്നുണ്ട്. എന്നാല്‍ സിനിമ പ്രാമുഖ്യം കൊടുക്കുന്നത് ദുര്‍ഗ്ഗയിലേക്കാണ്. മുമ്പു പറഞ്ഞതുപോലെ ദുര്‍ഗ്ഗയിലൂടെയാണ് അപു വളരുന്നത്. അമ്മയോടും അച്ഛനോടുമൊപ്പമുള്ള അപുവിന്റെ ഒരുപാടു രംഗങ്ങള്‍ കഥയിലുണ്ടെങ്കില്‍ക്കൂടി സിനിമയില്‍ കാണില്ല. അപുവിനെ അവരില്‍നിന്നെല്ലാം ഒഴിവാക്കി ദുര്‍ഗ്ഗയിലേക്കു കേന്ദ്രീകരിക്കാനും അവനെ കൂടുതല്‍ പ്രകൃതിയോടു ഇണക്കി ചിത്രീകരിക്കാനും റായ് ശ്രദ്ധിച്ചിരിക്കുന്നു. ദുര്‍ഗ്ഗയുടെ മരണം സിനിമയില്‍ കാറ്റും കോളും നിറഞ്ഞ ഒരു ഭയാനകരാത്രിയിലാണ്. എന്നാല്‍ കഥയില്‍ ഒരു പകല്‍ പത്തുമണിയോടുകൂടിയാണ് അവളുടെ മരണം. പതിവിനുവിപരീതമായി അന്ന് വെയിലിന്റെ ലക്ഷണം കണ്ടതായി പ്രത്യേകം ഒരു സൂചന നല്‍കുന്നുമുണ്ട്.ദുര്‍ഗ്ഗയും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെ വിലയിരുത്തി അവളുടെ മരണരംഗത്തുപോലും പ്രകൃതിയുടെ സാന്നിദ്ധ്യം അനിവാര്യമാണെന്ന ചിന്താഗതിയായിരിക്കണം റായിയെ ഇത്തരമൊരു ചിത്രീകര ണത്തിന് പ്രേരിപ്പിച്ചത്. മാത്രമല്ല, കഥയില്‍ ദുര്‍ഗ്ഗയുടെ മരണകാരണം മലമ്പനിയാണെന്നു വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ സിനിമയില്‍ അത് അവ്യക്തമാണ്. മഴയാണോ ദാരിദ്ര്യമാണോ എന്താണു മരണകാരണമെന്ന് റായ് സ്പഷ്ടമാക്കുന്നില്ല. മഴയത്തു ദുര്‍ഗ്ഗ നൃത്തംചെയ്യുന്ന രംഗം സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്. തെന്റെ കൂട്ടുകാരികള്‍​വിവാഹിതരാകുമ്പോള്‍ അവളില്‍ ജനിക്കുന്ന മോഹങ്ങളും കള്ളീ എന്ന വിളിപ്പേരു സൃഷ്ടിക്കു ന്ന വേദനയും എല്ലാം അവളാ മഴയില്‍ കുതിര്‍ത്തിയിരിക്കണം. അവളുടെ വിഷമങ്ങള്‍​പങ്കുവെച്ച മഴ പിറ്റേന്നു ശക്തിയായി വന്ന് അവളുടെ ആത്മാവുമായി മാഞ്ഞുപോകുകയും ചെയ്തിരിക്കണം. ശാരീരി കമായ ഒരാന ന്ദം മാത്രമല്ല, സ്വന്തം ആത്മാവിന്റെ ഏറ്റുപറച്ചിലാണ് മഴയത്തുള്ള ദുര്‍ഗ്ഗയുടെ നൃത്തം. അതു കൊണ്ടുതന്നെ മഴയ്ക്ക് അവളുടെ മരണവുമായി അഭേദ്യമായബന്ധമുണ്ടെന്നുംവേണമെങ്കില്‍വ്യാഖ്യാനിക്കാം.
ദുര്‍ഗ്ഗ എന്ന കഥാപാത്രത്തെ കഥയിലും സിനിമയിലും വേറെവേറെയെടുത്ത് പരിശോധിക്കാവുന്നതാണ്. കഥയില്‍ ദുര്‍ഗ്ഗ ഒരു മരംകേറിപ്പെണ്ണാണ്. അവളുടെ മോഷണശ്രമങ്ങളും പിടിക്കപ്പെടലുകളും വളരെ വിശദ മായിത്തന്നെ രചയിതാവ് വിവരിക്കുന്നു. എന്നാല്‍ സിനിമയില്‍ ദുര്‍ഗ്ഗയുടെ മോഷണത്തെക്കുറിച്ചുള്ള അയല്‍ക്കാരുടെ പരാമര്‍ശങ്ങളല്ലാതെ മോഷണശ്രമങ്ങളോ പിടിക്കപ്പെടലുകളോ ചിത്രീകരിച്ചിട്ടില്ല. അതായതു ദുര്‍ഗ്ഗയെ മനഃപൂര്‍വ്വം ഒരു കള്ളിയാക്കിമാറ്റാന്‍ സംവിധായകന്‍ ആഗ്രഹിക്കുന്നില്ല. അതിനു വ്യക്തമായ ഉദാ ഹരണമാണ് ടുനു എന്ന കൂട്ടുകാരിയുടെ മാല കട്ടെടുത്തെന്ന ആരോപണവും തുടര്‍ന്നുള്ള സംഭവവികാസ ങ്ങളും. കഥയില്‍ ദുര്‍ഗ്ഗ അവിടെവെച്ചുതന്നെ കുറ്റസമ്മതം നടത്തി ശിക്ഷ അനുഭവിക്കുന്നുണ്ട്. എന്നാല്‍ സിനിമ യില്‍ അവളുടെ കുറ്റം അവിടെവെച്ചു തെളിയിക്കാന്‍ അയല്‍ക്കാര്‍ക്കു സാധിക്കുന്നില്ല. ദുര്‍ഗ്ഗയുടെ മരണശേഷം ആ മാല അപു കുളത്തിലേക്കു വലിച്ചെറിയുകയും പായല്‍ വന്ന് അതു മൂടുകയും ചെയ്യുന്നു. അവളുടെ കളവ് എന്നും മറച്ചുവെക്കാനാണ് സംവിധായകന്‍ ശ്രമിക്കുന്നത്.
കഥയില്‍ ശ്രദ്ധേയമായ പല രംഗങ്ങളും ദൃശ്യവത്കരിക്കപ്പെട്ടു കാണുന്നില്ല. സിനിമയിലെ പല രംഗങ്ങ ള്‍ക്കും കഥയിലുള്ളതിനേക്കാള്‍ വൈകാരികാനുഭവങ്ങള്‍ അനുവാചകനിലേക്കെത്തിക്കാന്‍ സാധിച്ചിട്ടുമുണ്ട്. ഇങ്ങനെ വിശകലനംചെയ്യുമ്പോള്‍ നോവല്‍ സൃഷ്ടിക്കുന്ന അന്തരീക്ഷത്തില്‍നിന്നും സ്പഷ്ടമായ വ്യതിയാനം സിനിമയിലുണ്ടെന്നു വ്യക്തമാകും. രണ്ടു മാധ്യമങ്ങള്‍ എന്ന പരിമിതിയുടേതല്ല ആ വ്യത്യാസമെന്നതും പ്രകടമാണ്.
ദാരിദ്ര്യമെന്ന യാഥാര്‍ത്ഥ്യം, അന്ധമായ ദൈവവിശ്വാസം, ഇവ തമ്മിലുള്ള വൈരുദ്ധ്യത്തെ സിനിമ പല സന്ദര്‍ഭത്തിലും വിശകലനം ചെയ്യുന്നുണ്ട്. ദുര്‍ഗ്ഗയുടെ മരണശേഷം അച്ഛന്‍ കൊണ്ടുവരുന്ന ലക്ഷ്മീദേവിയുടെ ചിത്ര വും മഴയത്ത് ദുര്‍ഗ്ഗ മരണമടയുമ്പോള്‍ ക്യാമറ കേന്ദ്രീകരിക്കുന്ന ഗണപതിവിഗ്രഹ ങ്ങളും അതിന്റെ ചില പ്രതീകങ്ങളായിരിക്കണം. പിഷി എന്ന മുത്തശ്ശിയെ ഒഴിവാ ക്കിക്കൊണ്ട് പഥേര്‍പാഞ്ചാലിയെ പരിശോധിക്കുക അസാദ്ധ്യമാണ്. ആദ്യമായി അഭി നയിക്കുകയാണെന്ന് തോന്നുകയില്ലെന്നുമാത്രമല്ല, അവര്‍ ജീവിക്കുകയാണെന്ന് തെറ്റിദ്ധരി ക്കപ്പെടുക പോലും ചെയ്യുന്നു. വൃദ്ധരും കുട്ടികളും തമ്മിലുള്ള ബന്ധം പിഷിയിലൂടെ സംവിധാ യകന്‍ സാധിച്ചെടുക്കുന്നു. പിഷിയുടെ പിണക്കവും വീടുവിട്ടിറങ്ങലും തിരി ച്ചുവരവു മെല്ലാം കുട്ടികളുടെ കുസൃതിയെ ഓര്‍മ്മിപ്പിക്കും വിധമാണ്. വാര്‍ദ്ധക്യത്തി ന്റെ തളര്‍ച്ച യും ബാല്യത്തിന്റെ വളര്‍ച്ചയും ഒരുപോലെ ചിത്രീകരിക്കാന്‍ സാധിച്ച തില്‍ റായ് വിജയിച്ചിരിക്കുന്നു.
ദാരിദ്ര്യം, പ്രകൃതി, ബാല്യം, ജീവിതം തുടങ്ങി പഥേര്‍പാഞ്ചാലി ചര്‍ച്ചചെയ്യുന്ന വിഷ യങ്ങള്‍ ഏറെയാണ്. എന്നാല്‍ ഇവയ്ക്കെല്ലാം പുറമെ സിനിമ പകരുന്ന അവാച്യമായ അനുഭൂതിയാണ് പഥേര്‍പാഞ്ചാലിയുടെ വിജയം.

ചലച്ചിത്ര സെമിനാര്‍-കൂടുതല്‍ ചിത്രങ്ങള്‍

കാണി ഫിലിം സൊസൈറ്റിയുടേയും കേരളാഗ്രന്ഥശാലാസംഘത്തിന്റേയും ആഭിമുഖ്യതില്‍ ജനുവരി25,26 തിയ്യതികളില്‍ ന്നടത്തിയ ചലചിത്ര പ്രദര്‍ശനത്തിന്റേയും സെമിനാറിന്റെയും കൂടുതല്‍ ചിത്രങ്ങള്‍:
ടി.പി.ശങ്കരന്‍ നമ്പൂതിരി പി.എം.കൃഷ്ണകുമാര്‍

എം.സി.രാജനാരായണന്‍
പി.വി.പ്രകാശന്‍
ഡോ.വി.മോഹനകൃഷ്ണന്‍

ആലങ്കോട് ലീലാകൃഷ്ണന്‍