Sunday, February 1, 2009

പഥേര്‍ പാഞ്ചാലി‘ ലേഖനമത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയലേഖനം


പഥേര്‍ പാഞ്ചാലി-ഒരുചലച്ചിത്രാനുഭവം
ദ്വിജാബായി.എ.കെ.

ഇന്ത്യന്‍ സിനിമാചരിത്രത്തിലെത്തന്നെ വഴിത്തിരിവായി മാറിയ ‘പഥേര്‍ പാഞ്ചാലി‘ അര നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു.ഇന്ത്യന്‍ സിനിമയ്ക് നവീനമായ മറ്റൊരു മുഖം നല്‍കുന്നതില്‍ നിര്‍ണ്ണാ യകപങ്കു വഹിച്ച ഈചിത്രം,‘ഇന്ത്യന്‍ യാഥാര്‍ത്ഥ്യം’എന്ന കാഴ്ചപ്പാടിനെ പ്രതീകവല്‍ക്കരിക്കാന്‍ പാകമായ പുതിയൊരു ചട്ടക്കൂട് നമ്മുടെ ചലച്ചിത്ര സംസ്കാരത്തിന് നല്‍കി.അതുതന്നെയാണ് അമ്പത്തിനാലു വര്‍ഷങ്ങള്‍ക്കിപ്പുറവും ഈ ദൃശ്യ വിരുന്നിന്റെ തനിമ നിലനിര്‍ത്തുന്ന ഘടകവും.
സത്യജിത്ത് റായ് എന്ന ഇന്ത്യന്‍ സിനിമയുടെ ഇതിഹാസപുരുഷന്റെ പ്രഥമ സംവിധാന സംരംഭം ഇന്ത്യന്‍ സിനിമയുടെ യശസ്തംഭമായി മാറിയതെങ്ങനെ എന്ന ചോദ്യത്തിനുത്തരം,വിഖ്യാതനായ അകിര കുറൊസോവയുടെ വിലയിരുത്തല്‍ തന്നെയാണ്:”റായുടെ ചിത്രങ്ങള്‍ കണ്ടിട്ടില്ല എന്നു പറയുന്നതിനര്‍ത്ഥം നിങ്ങള്‍ സൂര്യ ചന്ദ്രന്മാരെ കണ്ടിട്ടില്ല എന്നു പറയുന്നതിന് സമാനമാണ്.”എന്നാണദ്ദേഹം പറഞ്ഞത്.ഇന്ത്യന്‍ ചലചിത്രരംഗത്തിന് നിയോറിയലിസത്തിന്റെ ഉപ വസന്തം കൊണ്ടുവന്നതിനൊപ്പം മാറ്റത്തിന്റെ കാഹളം മുഴക്കുക കൂടിയായിരുന്നു അക്ഷരാര്‍ഥത്തില്‍ ‘പഥേര്‍പാഞ്ചാലി‘.ഇതുപോലെ ചര്‍ച്ചചെയ്യപ്പെടുകയും എഴുത പ്പെടുകയുംചെയ്ത ഒരിന്ത്യന്‍ സിനിമ ഇല്ലെന്നു തന്നെ പറയാം.അരനൂറ്റാണ്ടിനു ശേഷവും ഇത്തരമൊരു ഉല്‍കൃഷ്ട കൃതിയെ നമ്മള്‍ എങ്ങനെ അനുഭവിക്കുന്നു എന്ന അന്വേഷണമാണ് പഥേര്‍ പാഞ്ചാലി വീണ്ടും കാണുമ്പോള്‍ അല്ലെങ്കില്‍ പുനര്‍ നിരീക്ഷണങ്ങള്‍ക്ക് വിധേയമായി സമീപിക്കുമ്പോള്‍ ഉണ്ടാവുന്നത്.
കച്ചവടധാരാ ചിത്രങ്ങള്‍ക്ക് സമാന്തരമായി നിലനിന്നു കൊണ്ടുതന്നെ അന്താരാഷ്ട്ര തലത്തില്‍ ‘ഇന്ത്യന്‍ സിനിമ‘യായുംപ്രാദേശികമായഖണ്ഡനമണ്ഡാനങ്ങള്‍ക്കു വിധേയമായി ദേശീയ തലത്തില്‍ ആധുനികതയുടേ വക്താവായും ‘പഥേര്‍ പാഞ്ചാലി‘ വാഴ്ത്തപ്പെട്ടിട്ടുണ്ട്.ഇന്ത്യയുടെ ചലച്ചിത്ര സംസ്കാരത്തിലും ലാവണ്യ ബോധമുള്‍പ്പെടെയുള്ള വീക്ഷണപന്ഥാവുകളിലും വ്യക്തമായ സ്വാധീനം ചെലുത്തിയപ്പോള്‍ തന്നെ ഇന്ത്യയില്‍ വേരുറപ്പിച്ചുവന്ന കച്ചവട സിനിമാസംസ്കാരത്തിന് ഒരു ബദലായി സ്വയമവതരിപ്പിക്കാന്‍, അപു എന്ന ബാലനെക്കുറിചും അവന്റെ ചുറ്റുപാടുകളെക്കുറിച്ചുമുള്ള കഥ പറഞ്ഞു കൊണ്ട് ഈ “പാതയുടെ സംഗീത“ ത്തിന് സാധിക്കുന്നു.ബിഭൂതിഭൂഷണ്‍ ബന്ദോപാദ്ധ്യായയുടെഒരു പ്രശസ്തമായ നോവലാണ് ‘പഥേര്‍ പാഞ്ചാലി‘എന്ന സിനിമയായത്.വേണ്ടത്ര ലോകപരിചയം സിദ്ധിച്ചിട്ടില്ലാത്ത പ്രേക്ഷകര്‍ക്കുപോലും തുറന്ന ലോകത്തെയും ദാര്‍ശനികതയുടെ നീളുന്ന പാതകളെയും ഈ ചിത്രം പരിചയപ്പെടുത്തുന്നു.റായ്, ഈ ചിത്രത്തെ സംഗ്രഹിച്ച് അവതരിപ്പിച്ചത് ഇങ്ങനെയാണ്: “തീവണ്ടിയുടെ ആദ്യ ദര്‍ശനം,വൃദ്ധയായ അമ്മായിയുടെ മരണം,മോഷ്ടിക്കപ്പെടുന്ന ഒരു മാല,മഴ,പേമാരി,ദുര്‍ഗ്ഗയുടെ മരണം”.അത്രയൊന്നും പരോക്ഷമാകാതെത്തന്നെ ആധുനികതയുടെ ഭാഷ്യം പ്രകടിപ്പിക്കുന്ന സം വാദങ്ങളിലേക്കും ഈസംക്ഷിപ്തത നമ്മെ നയിക്കുന്നു എന്ന കാര്യവും വിട്ടുകളയാനാവാത്തതാണ്.
ചെറുപാതകളുടേയും വലിയ മാനങ്ങളുടെയും ചലച്ചിത്രമാണ് പഥേര്‍ പാഞ്ചാലി.ഒരു വീട്ടിലും ചുറ്റുപാടു കളിലുമായി ക്രമമായി വളരുന്ന ഒരിതിവൃത്തമാണീ ചിത്രത്തിനുള്ളത്.സാധാരണക്കാരായ ഗ്രാമീണരുടെ നിത്യ ജീവിത യാഥാര്‍ഥ്യത്തിന്റെ ഭൂപടങ്ങള്‍ ഈചിത്രം വരച്ചിടുന്നു.ലോകക്ലാസ്സിക്കായി മാറിയ ഈ സിനിമയെ അവിസ്മരണീയമാക്കുന്നതില്‍ ശബ്ദ പഥത്തിന് വലിയ പ്രാധാന്യമാണുള്ളത്. മരണത്തെക്കു റിച്ചെന്നപോലെ ജീവിതത്തിന്റെയും അതിജീവനത്തിന്റെയും അവസ്ഥകള്‍ സൂക്ഷ്മമായും ഹൃദയസ്പൃക്കായും രേഖപ്പെടു ത്തിയ ഒരു പുസ്തകത്തിലൂടെ കടന്നു പോകുന്ന അനുഭവമാണ് എനിക്കീസിനിമ നല്‍കിയത്.
വ്യത്യസ്തമായ രണ്ടു ലോകങ്ങളും അവയുടെ പരിസരങ്ങളും തമ്മില്‍ ഇട കലര്‍ത്തിയാണ് ഇവിടെ
അവതരിപ്പിച്ചിരിക്കുന്നത്:കുട്ടികളുടേയും മുതിര്‍ന്നവരുടേതുമായ ലോക ങ്ങള്‍. ഈ രണ്ടു ലോകങ്ങളുമടങ്ങിയ വലിയ ലോകത്തിന്റെ ചെറിയ പകര്‍പ്പാണ് റായ് അവതരിപ്പിക്കുന്നത്.മനുഷ്യ ജീവിതത്തിലെ ആദ്യാനുഭവ ങ്ങളുടെ ,ബാല്യ കാലത്തിന്റെ, മിഴിവാര്‍ന്ന ആവിഷ്കരണങ്ങള്‍ നമുക്ക് കാണാം.ജീവിതം മുന്നോട്ടു നയി ക്കാന്‍ വേണ്ടി വരുന്ന ജീവിതസമരങ്ങളും അവതരണത്തില്‍ ഉള്‍പ്പെടുന്നു. മനുഷ്യാവസ്ഥയെക്കുറിച്ചുള്ള ക്രൂരമായ ചില സത്യങ്ങളും സാന്ത്വനമാകുന്ന പ്രതീക്ഷകളും മനസ്സില്‍ തട്ടി കടന്നു പോകുന്നു. ചിത്രം അവതരിപ്പിക്കുന്നത് ദുര്‍ഗ്ഗ യുടെ വളര്‍ച്ചയും മരണവുമാണ്.അതേ സമയംഅത് അപുവിന്റെ ജനനവും വളര്‍ച്ചയുമാണ്.പുസ്തകത്തി ന്റെയൊ ബുദ്ധിയുടേയൊ ഇടപെടലില്ലാതെ ലോകത്ത്, പ്രകൃതിയെ നേരിട്ടറിയുന്ന മനുഷ്യരുടെ ചിത്രങ്ങള്‍ നാമിവിടെ കണ്ടെടുക്കുന്നു.കുട്ടികളുടെ ഈ ലോകത്തില്‍ പ്രകൃതി യുമായുള്ള സംസര്‍ഗ്ഗത്തില്‍ നിന്നുണ്ടാകുന്ന സംഗീതവുമുണ്ട്.പ്രകൃതിയും മനുഷ്യരും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സംഗീതത്തിന്റെ കാവ്യാത്മകമായ ദൃശ്യാവി ഷ്ക്കാരമാണിത്.തങ്ങള്‍ക്കു ചുറ്റുമുള്ള ലോകത്തിന്റെ ഗതിവി ഗതികളില്‍ ഇടപെടുന്നതിനും അതിനെ നിയന്ത്രി ക്കുന്നതിനും സാധിക്കുന്ന അവസ്ഥയിലല്ല ഈ കുട്ടികള്‍. നിര്‍മ്മാണത്തിലിരിക്കുന്ന പൌരന്മാര്‍/കഥാപത്രങ്ങള്‍ മാത്രമാണ് ഈ കുട്ടികള്‍.അപു പ്രധാനമായും തനിക്കു ചുറ്റുമുള്ള ലോകത്തിന്റെ ഒരു സാക്ഷി മാത്രമാണ്.അപു ഒരേ സമയം കാണിയും കഥാപാത്രവുമാണ്.
അപുവിന്റെ വീടിനടുത്തുള്ള പായല്‍ പിടിച്ച കുളമായിരിക്കും ഒരു പക്ഷെ,‘പഥേര്‍പാഞ്ചാലി’യുടെ ആഖ്യാ നലോകത്തെ എറ്റവും നന്നായി പ്രതിനിധീകരിക്കുക.മാറിവരുന്ന കാലാവസ്ഥകള്‍ക്കനുസരിച്ച് വര്‍ഷാ വര്‍ഷം നിറയുകയും താഴുകയും ചെയ്യുന്ന ഈ ജലാശയം അതിന്റെ നിശ്ചലതകൊണ്ടും ഭൌതികാവസ്ഥകള്‍ കൊ ണ്ടും ആഖ്യാനലോകത്തെ ആവാഹിക്കുന്നു.ചലനം സൃഷ്ടിക്കുന്ന ഏതൊരു മുറിവിനേയും ക്രമേണ പായല്‍ വന്നു മൂടുമെന്ന പ്രകൃതി നിയമത്തിലും ഒരു ജീവിത ദര്‍ശനം കാണാം.പുറം ലോകത്തിന്റേതായ ഇടപെട ലുകള്‍ മിഠായിക്കാരന്റെ മോഹിപ്പിക്കുന്ന മധുരമായും ബയോസ്കോപ്പിന്റെ മാന്ത്രികതയായും ടെലഗ്രാഫ് പോസ്റ്റിന്റെ മൂളക്കമായും തീവണ്ടിയുടെ അജ്ഞാത ലക് ഷ്യങ്ങളായും കടന്നുവരുന്നു.തീവണ്ടി ആധുനിക തയുടേയും നാഗരികതയുടേയും ബിംബമായി വര്‍ത്തിക്കുന്നു.ഏതൊക്കേയോ ലക്ഷ്യങ്ങളിലേക്കു പായുന്ന എവിടെ നിന്നൊക്കെയോ വന്നു ചേരുന്ന യാത്രകളുടെ അനന്ത സാധ്യതകളുടെ ഒരു സന്ധി കൂടി യാണത്.
വാക്കുകള്‍ക്കതീതമായി ദൃശ്യങ്ങള്‍ക്ക് സംവദിക്കുവാന്‍ കഴിയുമ്പോളാണ് ചലച്ചിത്രത്തിന് കാവ്യ സുഭഗത കൈവരിക്കാനാവുന്നത്.മണിനാദം കേള്‍പ്പിച്ച് നീങ്ങുന്ന മധുരപലഹാരവില്‍പ്പനക്കാരനെ ആശയോടെ പിന്തുട രുന്ന അപുവിനേയും ദുര്‍ഗ്ഗയേയും കാണിക്കുന്ന സുദീര്‍ഘമായ രംഗത്തിന്റെ പ്രസക്തി പിന്നീട് രോഗഗ്രസ്ത യായി കിടക്കുന്ന ദുര്‍ഗ്ഗ മധുരപലഹാര വില്പനക്കരന്റെ മണിനാദം കേള്‍ക്കുമ്പോഴും,ഭാവഭേദമില്ലാതെ ചലന മറ്റു കിടക്കുന്ന ഷോട്ടിലാണറിയുക.ദുര്‍ഗ്ഗയുടെ നിസ്സഹായാവസ്ഥ ഇതില്‍ക്കൂടുതല്‍ ചിത്രീകരിക്കാനാവില്ലല്ലോ?
ദാരിദ്ര്യം എന്ന യാഥാര്‍ത്ഥ്യത്തെ ഒട്ടും കാല്പനികവല്‍ക്കരിക്കാതെയാണ് റായ് അവതരിപ്പിക്കുന്നത്. ദാരിദ്ര്യം ആരെയും വിശുദ്ധരാക്കി മാറ്റുന്നില്ല.അത് പലപ്പോഴും മനുഷ്യരെ അപമാനവീകരിക്കുന്നു. ദാരിദ്ര്യം,വാര്‍ദ്ധക്യം തുടങ്ങിയ ദുരിത യാഥാര്‍ത്ഥ്യങ്ങളെ തന്മയത്വത്തോടെയാണ് അവതരിപ്പിച്ചിരിക്കു ന്നത്.വാര്‍ദ്ധക്യത്തിന്റെ നിരാലംബത മാത്രമല്ല സൌമ്യ ദീപ്തിയും നമുക്കിവിടേ കാണാം.’പിഷി’എന്ന വൃദ്ധയുടെ മരണം-വളരെ ഭൌതികമായ ഒരു ശബ്ദത്തിലൂടെയാണ് അപു മരണത്തെ ആദ്യമായി കണ്ടുമുട്ടുന്ന രംഗം നമ്മില്‍ അടയാളപ്പെടുന്നത്-അവരുടെ മൃതദേഹം ഒരു മരം നിലത്തേക്ക് പതിക്കുന്നതു പോലെ പ്രകൃതിയോട് സമരസപ്പെടുന്നു.
ഇന്ത്യന്‍ യാഥാര്‍ത്ഥ്യത്തിന്റെ ഉജ്വലമായ വശങ്ങളാണ് പഥേര്‍പാഞ്ചാലിയില്‍ ഉള്ളത്.സര്‍വജയ എന്ന അമ്മ,ഹരിഹര്‍ എന്ന കുടുംബനാഥന്‍,അവരുടെ കുടും ബം ഇവയെല്ലം അന്നത്തെ സാമൂഹ്യ വ്യവസ്ഥയുടെ ഏറ്റവും പ്രസക്തമായ ബിംബങ്ങളായിരുന്നു.
പഥേര്‍പാഞ്ചാലിയില്‍ സ്ത്രീകളുടെ ജീവിതം വളരെ സൂക്ഷ്മമായി അവതരി പ്പിക്കുന്നുണ്ട്.സ്ത്രീകള്‍ നേരിടുന്ന ജീവിത പ്രശ്നങ്ങല്‍ റായ് ചൂണ്ടിക്കാണി ക്കുന്നുണ്ട്.ദാരിദ്ര്യത്തിന്റെ തിക്ത ഫലങ്ങള്‍ കൂടുതല്‍ അനുഭവിക്കുന്നത് സ്ത്രീ കളാണ്.അപുവിന് സ്കൂളില്‍ പോകാന്‍ സാധിക്കുമ്പോള്‍ ദുര്‍ഗ്ഗ വീട്ടിലെ ചുറ്റുപാടില്‍ പരിമിതപ്പെട്ടവളാകുന്നു.ഹരിഹര്‍ ഹുക്ക വലിക്കുകയും മറ്റു വിനോദത്തിലേര്‍പ്പെടുകയും ചെയ്യുമ്പോള്‍ സര്‍വജയ ദാരിദ്ര്യത്തിന്റെ പിടിയില്‍ നിന്നും ഒരിക്കലും മുക്തി നേടുന്നില്ല.ദുര്‍ഗ്ഗയുടെ രോഗവും മരണവുമെല്ലാം സ്ത്രീകളുടെ അരക്ഷിതാവസ്ഥയുടേയും ദുരന്തത്തിന്റേയും ആവിഷ്ക്കാരമെന്നനിലക്ക് ശ്രദ്ധേയമാകുന്നു.
മനുഷ്യര്‍ ഒറ്റക്ക് ജീവിക്കുന്ന ലോകമല്ല സത്യജിത്ത് റായ് കാണിച്ചുതരുന്നത്.സാമൂഹ്യ ജീവിതത്തിന്റെ
ഭിന്നതലങ്ങളും സംവിധായകന്‍ ചിത്രീകരിക്കുന്നു.കൂടാതെ പ്രകൃതിയുടെ സമഗ്രസൌന്ദര്യം കടന്നു വരികയും ചെയ്യുന്നു.ദാരിദ്ര്യവും മരണവുമെല്ലം ഉണ്ടായിട്ടും ജീവിതം മുന്നോടു പോവുകയാണ്.മുന്നോടു നീങ്ങുന്ന പാത ജീവിതത്തിന്റെ പാതയാണ്. യാതനകളും അപ മാനങ്ങളും നഷ്ടങ്ങളും മാത്രം സമ്മാനിച്ചിരുന്ന ‘പഴയ ലോകം’ ഉപേക്ഷിച്ച് പുതു ലോക ത്തിലേക്ക് യാത്രയാവുന്ന അപുവിന്റെ പ്രതീക്ഷയും പ്രസരിപ്പുമുള്ള മുഖത്തിന്റെ സമീപ ദൃശ്യ ത്തോടെയാണ് പഥേര്‍ പാഞ്ചാലി അവസാനിക്കുന്നത്.
ആന്ദ്രെ തര്‍ക്കോവ്സ്കിയുടെ വാക്കുകള്‍ കടമെടുത്തു പറഞ്ഞാല്‍’കാലത്തില്‍ കൊത്തുവേ ല നടത്തിയ ശില്പിയായിരുന്നു’റേ. ചിത്ര കലയിലേയും സാഹിത്യത്തിലേയും സംഗീതത്തി ലേയും മഹോന്നതരേയും അവരുടെ സൃഷ്ടി വൈഭവങ്ങളേയും പോലെ കാലാതീതമായ ഇത്തരമൊരു സൃഷ്ടി കൊണ്ട് സത്യജിത്ത് റേ മരണത്തെ കീഴടക്കിയിരിക്കുന്നു.

1 comment:

വിദൂഷകന്‍ said...

നന്നായിരിക്കുന്നു...
നല്ല നിരീക്ഷണങ്ങള്‍..
അഭിന്ദനങ്ങള്‍..